തിരുവനന്തപുരം: നെഞ്ചുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ രാജേഷ് എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചത്.
സുരക്ഷാ ജീവനക്കാരനെതിരെ രാജേഷിന്റെ ബന്ധുക്കൾ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. നെഞ്ചുവേദനയുമായി ഡോക്ടറെ കാണാൻ എത്തിയ രാജേഷിനെ സെക്യൂരിറ്റി ജീവനക്കാരൻ മറ്റ് രോഗികൾക്കൊപ്പം വരിയിൽ നിർത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
കടുത്ത അസ്വസ്ഥതയുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഡോക്ടറുടെ അടുത്തേക്ക് കടത്തിവിടാൻ ജീവനക്കാർ തയാറായില്ല. ഒടുവിൽ വരി നിന്ന് ഡോക്ടറുടെ അടുത്തെത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു. സുരക്ഷാ ജീവനക്കാരന്റെ ഇടപെടൽ കാരണം ചികിത്സ വൈകിയതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
അതേസമയം മന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച വിദഗ്ധ സംഘം ആശുപത്രിയിലെത്തി. ഈ സംഘം ഉടൻ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.